രാജ്യത്തെ നടുക്കിയ റെയില്‍ ദുരന്തത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി ഗ്രീസ് പ്രധാനമന്ത്രി മിത്സോതാകിസ്. റെയില്‍വേ ഗതാഗതത്തിന് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലി ഗ്രീസില്‍ സര്‍ക്കാരിനെതിരെയുള്ള രോഷം ആളിക്കത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്ന മാപ്പ് പറച്ചില്‍. ഗ്രീസില്‍ ചരക്ക് തീവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 57 പേരാണ് മരിച്ചത്.
‘പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാന്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരോട് ക്ഷമ പറയുന്നു. വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന രണ്ട് ട്രെയിനുകള്‍ക്ക് ഒരേ ലൈനില്‍ ഓടാന്‍ പാടില്ലായിരുന്നു. ആരും അത് ശ്രദ്ധിച്ചില്ല, വീഴ്ച സംഭവിച്ചു”- തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ മിത്സോതാകിസ് പറഞ്ഞു.
ചൊവ്വാഴ്ച ലാരിസ നഗരത്തിന് സമീപം പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗ്രീസില്‍ ഉടനീളം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെയും റെയില്‍വേ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും ആഹ്വാനത്തെ തുടര്‍ന്ന് ഞായറാഴ്ച ഏഥന്‍സിലെ പാര്‍ലമെന്റിന് പുറത്ത് ആയിരക്കണക്കിന് പ്രകടനക്കാര്‍ തടിച്ചുകൂടി. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ പണിമുടക്ക് മൂലം സ്തംഭിച്ചു. മരിച്ചവരുടെ സ്മരണയ്ക്കായി നൂറുകണക്കിന് കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി വിട്ടു. അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്രീക്ക് ഗതാഗത മന്ത്രി രാജിവച്ചിരുന്നു.