2030 ഓടെ സമുദ്രത്തിന്റെ മുപ്പത് ശതമാനം സംരക്ഷിത മേഖലയാക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര കരാര്‍. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് കരാറിന് ധാരണയായത്. 10 വര്‍ഷമായി തുടരുന്ന ആലോചനകള്‍ക്ക് ഒടുവിലാണ് കരാറായത്. സമുദ്രത്തിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കരാര്‍.
സമുദ്രസംരക്ഷണത്തിനായി ഇതിന് മുന്‍പ് 1982ലാണ് വിവിധ രാജ്യങ്ങള്‍ അന്താരാഷ്ട്ര കരാറില്‍ ഒപ്പുവയ്ക്കുന്നത്. നിലവില്‍ സമുദ്രത്തിന്റെ 1.2 ശതമാനം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം, കപ്പല്‍ ഗതാഗതം, അമിതമായ മീന്‍പിടിത്തം തുടങ്ങിയവമൂലം ഏകദേശം 10 ശതമാനം സമുദ്രജീവികള്‍ വംശനാശ ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പുതിയ കരാര്‍. കരാര്‍ പ്രകാരം സംരക്ഷിത പ്രദേശങ്ങളില്‍ കപ്പല്‍ ഗതാഗതത്തിനും മീന്‍പിടിത്തത്തിനും ആഴക്കടല്‍ ഖനനത്തിനും നിയന്ത്രണങ്ങള്‍ വരും.