തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സിബ്ബി നഗരത്തില്‍ ചാവേർ സ്ഫോടനം. സംഭവത്തില്‍ 9 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഏഴുപേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബലൂചിസ്ഥാനില്‍ നിന്നും 160 കിലോമീറ്റർ അകലെയുള്ള സിബ്ബി നഗരത്തില്‍, ഒരാഴ്ച നീണ്ടുനിന്ന കന്നുകാലി പ്രദര്‍ശനത്തിനു സുരക്ഷ ഒരുക്കി മടങ്ങിയ പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ചാവേർ ബോംബർ ഓടിച്ച മോട്ടോർ സൈക്കിൾ പോലീസ് ട്രക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അതേസമയം, പാക്കിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇന്നത്തേത്. ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വംശീയ ബലൂച് ഗറില്ലകൾ പതിറ്റാണ്ടുകളായി മേഖലയിൽ സർക്കാരിനെതിരെ പോരാടുകയാണ്.