സമാനതകളില്ലാത്ത വിവേചനവും അടിച്ചമര്‍ത്തലുകളുമാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി ക്രൈസ്തവസമൂഹം ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങളും പീഡനങ്ങളും പരിധികള്‍ ലംഘിച്ചതോടെ പലയിടങ്ങളിലും ക്രൈസ്തവര്‍ സംഘടിതമായി തെരുവിലിറങ്ങി നീതിക്കു വേണ്ടി യാചിക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെമ്പാടും ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കത്തോലിക്കാ മെത്രാന്മാര് ഉള്‍പ്പെടെ വിവിധ ക്രൈസ്തവനേതാക്കളുടെ ആഭിമുഖ്യത്തില്‍ വലിയ പ്രതിഷേധ സമ്മേളനം കഴിഞ്ഞയിടെ നടന്നിരുന്നു.
അടുത്ത കാലത്തായി ക്രൈസ്തവക്കെതിരെ നിരന്തരം അതിക്രമങ്ങള്‍ അരങ്ങേറുന്ന കര്‍ണ്ണാടകയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ മതപരിവര്‍ത്തനത്തിന് കേസെടുക്കുമെങ്കില്‍ താന്‍ ഇനിയും അത് തുടരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എത്ര കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നിന്ന് മതം മാറ്റപ്പെട്ടു എന്നതിന്റെ കണക്ക് സര്‍ക്കാര്‍ ശേഖരിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിരൂപേണ പറയുകയുണ്ടായി.
പുതുതായി പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥകളാകുന്നത്. കേരളത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടിയുള്ള കര്മ്മരംഗങ്ങളിലാണ് ക്രൈസ്തവര്‍ ഏറ്റവുമധികം വ്യാപൃതരായിരിക്കുന്നത്. എന്നാല്‍, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും സന്യസ്തര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
കേരളത്തില്‍ സംഭവിക്കുന്നത് നീതിനിഷേധം
എന്നാല്‍, കേരളത്തിലെ സ്ഥിതി അല്പം വ്യത്യസ്തമാണ്. കേരളസമൂഹത്തില്‍ യഥാര്‍ത്ഥ ന്യൂനപക്ഷമായി നിലനില്‍ക്കുന്നതോടൊപ്പം അംഗസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന വിഭാഗമെങ്കിലും സാമൂഹിക പുനര്നിര്മ്മിതിയില് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള, ഇപ്പോഴും ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രമാണ് ക്രൈസ്തവരുടേത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിങ്ങനെയുള്ള എണ്ണമറ്റ സ്ഥാപനങ്ങള്‍ വഴിയായി കേരളത്തിന് ക്രൈസ്തവസമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ നിസ്തുലമാണ്. സമൂഹത്തിന് എന്നതിനേക്കാള്‍, ഇതുപോലുള്ള സേവനങ്ങള്‍ വഴിയായി സര്‍ക്കാരിന് ക്രൈസ്തവര്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെങ്കിലും യാതൊരു തരത്തിലുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ കാലം കഴിയുന്തോറും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നുള്ളത് വിരോധാഭാസമാണ്.
കണക്കുകള്‍ പ്രകാരം ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. വൃദ്ധസദനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങള്‍, ഓര്‍ഫനേജുകള്‍ തുടങ്ങിയവയാണ് ഏറെയും. അത്രയും സ്ഥാപനങ്ങളിലായി എണ്പത്തിനായിരത്തില്പരം അന്തേവാസികളുണ്ട്. അതില്‍ പ്രായാധിക്യവും രോഗങ്ങളും മൂലം ദുരിതമനുഭവിക്കുന്നവരും സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ മുപ്പതിനായിരത്തില്‍ കുറയാത്ത ആള്‍ക്കാരാണുള്ളത്. അതേ സമയം, ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വളരെ ശുഷ്കമാണ് എന്നു കാണാം. സ്ഥാപനങ്ങളുടെയും അന്തേവാസികളുടെയും എണ്ണം പ്രകാരം, അഞ്ചു മുതല്‍ എട്ട് ശതമാനം വരെ സ്ഥാപനങ്ങളാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.
ഉറ്റവരും ഉടയവരുമില്ലാതെ അനാഥത്വത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട എണ്‍പത്തിനായിരത്തിലേറെ വരുന്ന ഒരു വിഭാഗത്തിന്റെ മേലുള്ള നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഏറെക്കുറെ സ്വതന്ത്രമായിരിക്കുന്നത് സമാനതകളില്ലാത്ത അര്‍പ്പണബോധത്തോടെ അത്തരക്കാര്‍ക്കു വേണ്ടി ജീവിതം മാറ്റിവയ്ക്കാനും സമ്പത്ത് ചെലവഴിക്കാനും കുറേപ്പേര് മുന്നോട്ട് വന്നിരിക്കുന്നതിനാല്‍ മാത്രമാണ്. അക്കാരണത്താല്‍ തന്നെ, ലോകത്തില്‍ ഏതൊരു സര്‍ക്കാരിനും ഏറ്റവുമധികം ധനം മാറ്റിവയ്ക്കേണ്ടതായി വരുന്ന ഒരു മേഖല കൂടിയായിട്ടും കേരള സര്‍ക്കാരിന് ഒരിക്കലും ഈ സേവനമേഖല ഒരു തലവേദനയല്ല.
അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍
മുഖ്യമായും കത്തോലിക്കാ സന്യാസ സമൂഹങ്ങളും രൂപതകളും ഒട്ടേറെ വ്യക്തികളും മറ്റു പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രധാന ശുശ്രൂഷാമേഖലയായി ഈ രംഗത്തെ പരിഗണിച്ചുകൊണ്ട് അദ്ധ്വാനവും സമ്പത്തും അതിനായി നീക്കിവച്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുതല്‍ കേരളത്തിന്റെ മണ്ണില്‍ പ്രവര്‍ത്തനനിരതരായുണ്ട്. മുന്‍കാലങ്ങളില്‍ ആ സേവനസന്നദ്ധതയെ വിലമതിച്ചുകൊണ്ട് തുറന്ന മനസോടെയുള്ള പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും കുറേയൊക്കെ സഹായങ്ങള്‍ പലവിധത്തിലും ഇത്തരം സ്ഥാപനങ്ങള്‍ക്കും നടത്തിപ്പുകാര്‍ക്കും അന്തേവാസികള്‍ക്കും ലഭ്യമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്, റേഷന്‍, അന്തേവാസികള്‍ക്കുള്ള സാമൂഹ്യസുരക്ഷാ പെന്ഷന് എന്നിങ്ങനെയാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത്. ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്ന സ്ഥാപനങ്ങള്‍ക്ക് അന്തേവാസികളുടെ എണ്ണമനുസരിച്ച് ഓരോരുത്തര്‍ക്ക് പ്രതിമാസം 1,100/ രൂപ വച്ചും, സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിക്കപ്പെട്ടിരുന്നവര്ക്ക് ഓരോരുത്തര്‍ക്കും പ്രതിമാസം 1,600/ രൂപ വച്ചുമാണ് ലഭ്യമായിരുന്നത്. അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് റേഷന്‍ പെര്‍മിറ്റും ലഭിച്ചിരുന്നു.
2021 -ല്‍ ഒരു പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നല്കിവന്നിരുന്ന സാമൂഹിക സുരക്ഷാ പെന്ഷന് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്കുന്നതിനാല് അത്തരം സ്ഥാപനങ്ങളില്‍ കഴിയുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്ഷന് അര്‍ഹതയില്ല എന്ന വാദമാണ് അന്ന് സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, കേവലം 20% സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഗ്രാന്റ് ലഭിച്ചിരുന്നത് എന്നുള്ളതായിരുന്നു വാസ്തവം. ഗ്രാന്റ് നല്‍കുന്നത് സ്ഥാപനങ്ങള്‍ക്കും പെന്ഷന് ലഭിക്കുന്നത് വ്യക്തികള്‍ക്കും ആണെങ്കിലും അന്തേവാസികളില്‍ മോശമല്ലാത്ത ഒരു വിഭാഗത്തിന് അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പെന്ഷന് തുക ഉപകരിച്ചിരുന്നത് പരോക്ഷമായി സ്ഥാപനങ്ങള്‍ക്കും ഗുണകരമായിരുന്നു. വാസ്തവത്തില്‍, ഏറെക്കുറെ കൃത്യമായി കുറെപ്പേര്‍ക്കെങ്കിലും ലഭിച്ചിരുന്നത് സാമൂഹ്യസുരക്ഷാ പെന്ഷന് മാത്രമാണ്. ഗ്രാന്റ് തുക അനുവദിക്കപ്പെട്ടിട്ടുള്ള ചെറിയൊരു വിഭാഗത്തിനു പോലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൃത്യമായി അത് ലഭിക്കുന്നില്ല. മാത്രവുമല്ല, 2014 -നു ശേഷം ഗ്രാന്റിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമില്ല. ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അന്തേവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഗ്രാന്റ് തുക വര്‍ദ്ധിപ്പിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പുതിയ ഉത്തരവ്
ഇത്തരം തുടര്‍ച്ചയായ അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് 2023 ഫെബ്രുവരി 27 -ന് ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മഠങ്ങളിലെ/ മതസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സാമൂഹ്യസുരക്ഷാ പെന്ഷന് അര്‍ഹതയില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ആ ഉത്തരവ്. മതസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നുള്ളതിന് ഉത്തരവില്‍ വ്യക്തമായ നിര്‍വചനമില്ല. കേരളത്തിലെ നൂറുകണക്കിന് സന്യാസിനീ മഠങ്ങളോട് ചേര്‍ന്ന് നിലകൊള്ളുന്ന അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. തികച്ചും മനുഷ്യത്വരഹിതവും നീതിരഹിതവുമാണ് അത്തരമൊരു ഉത്തരവ് എന്നുള്ളതില്‍ സംശയമില്ല. സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത അനാഥരും അവശരും ആലംബഹീനരുമായ ഒരു വിഭാഗത്തെ പാടെ അവഗണിക്കുന്ന ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.
2021 -ല്‍ അനാഥമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യസുരക്ഷാ പെന്ഷന് നിര്‍ത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികള്‍ സര്‍ക്കാരിന് നിരവധി സ്ഥാപനങ്ങളും വ്യക്തികളും നല്കുകയുണ്ടായിരുന്നു. ആ വീണ്ടും വിഷയം പഠിച്ചതിനു ശേഷം അന്തിമ തീരുമാനം സ്വീകരിച്ചിരിക്കുന്നു എന്ന ധ്വനിയാണ് പുതിയ ഉത്തരവിലുള്ളത്. ‘മഠങ്ങളിലെ/ മതസ്ഥാപനങ്ങളിലെ അന്തേവാസികള്‍’ എന്ന വിശേഷണത്തില്‍ ഒരു വലിയ പങ്ക് വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും ഉള്‍പ്പെടുമെങ്കില്‍ അവിടെ അനീതി നിറഞ്ഞ ക്രൂരമായ വിവേചനമുണ്ട്.
കത്തോലിക്കാ സഭയുടെ ഭാഗമായ അഗതിമന്ദിരങ്ങള്‍
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജുകള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സ്ഥാപനങ്ങള്‍ തുടങ്ങി രണ്ടായിരത്തില്പരം സ്ഥാപനങ്ങളില്‍ എണ്‍പത് ശതമാനവും ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഏറിയ പങ്കും കത്തോലിക്കാ സന്യസ്തരുടെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. ഒട്ടേറെ സന്യാസ സമൂഹങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും കൂടുതല്‍ അംഗങ്ങളെയും അദ്ധ്വാനത്തെയും ധനത്തെയും അത്തരം മേഖകളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്യുന്നു എന്നതിനാലാണ് അത്. ഇതുപോലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കു വേണ്ടി ജീവിച്ചു മരിക്കാനും, രാപ്പകല്‍ അവരോടൊപ്പം ആയിരിക്കാനും, സ്നേഹപൂര്‍വ്വം അവരെ പരിചരിക്കാനും മറ്റാരേയുംകാള്‍ ക്രൈസ്തവ സമര്‍പ്പിതര്‍ക്ക് സാധിക്കുന്നു എന്നതാണ് ആ സ്ഥാപനങ്ങളുടെ പ്രധാന വിജയം. ഇതുപോലുള്ള ആയിരക്കണക്കിന് സന്യസ്തര്‍ മാത്രമല്ല, ഒട്ടേറെ വൈദികരും, അനേക ക്രൈസ്തവ വിശ്വാസികളും ഈ മേഖലയില്‍ സജീവമായുണ്ട്. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ ഈ ശുശ്രൂഷാമേഖലയില്‍ അവര്‍ ആയിരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നതിന് പ്രചോദനം അവരുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസം തന്നെയാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
എന്നാല്‍, അത്തരം സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സന്യാസ സമൂഹങ്ങളോ, രൂപതകളോ, കത്തോലിക്കാ സഭയുമായി ബന്ധമുള്ള ട്രസ്റ്റുകളോ ആണ് എന്നുള്ളതിന്റെ പേരില്‍ അവ മതസ്ഥാപനങ്ങള്‍ ആകുമെങ്കില്‍ അതെങ്ങനെ എന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. ഒരു മതസ്ഥാപനം എന്ന് ഒരു സ്ഥാപനത്തെ വിശേഷിപ്പിക്കാന്‍ കഴിയണമെങ്കില്‍, ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു വേണ്ടിയും മതപരമായ ലക്ഷ്യങ്ങളാലും സ്ഥാപിക്കപ്പെട്ടിരിക്കുന്നതും, മതപരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്നതും, മറ്റു മതസ്ഥര്‍ക്ക് പ്രയോജനമില്ലാത്തതും ആയിരിക്കണം. മതപരമായ വേര്‍തിരിവുകള്‍ കൂടാതെ, തെരുവില്‍ അലഞ്ഞുതിരിയുന്നവരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും, വൃദ്ധരുമായ ആരെയും ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന, മരണം വരെയും അവര്‍ക്ക് അഭയം നല്കി, മരുന്നും ഭക്ഷണവും, വസ്ത്രവും നല്കി പരിപാലിച്ചു കൊണ്ടിരിക്കുന്ന അത്തരം സ്ഥാപനങ്ങള്‍ എപ്രകാരമാണ് മതസ്ഥാപനങ്ങള്‍ ആകുന്നതെന്ന് വ്യക്തമാക്കപ്പെടണം.
ഇക്കാലത്ത് എറിയ പങ്ക് അഗതിമന്ദിരങ്ങളിലേക്കും അന്തേവാസികള്‍ എത്തിച്ചേരുന്നത് പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വഴിയായും, സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. സി.ഡബ്ള്യു.സി. (ഇവശഹറ ണലഹളമൃല ഇീാാശേേലല) ഉദ്യോഗസ്ഥര്‍ വഴിയാണ് ബാലഭവനങ്ങളിലേക്ക് കുട്ടികള്‍ എത്തിച്ചേരുന്നത്. വാസ്തവത്തില്‍ എല്ലാ വിധത്തിലും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ പൂര്‍ണ്ണമായ സഹകരണമാണ് എല്ലാ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിവരുന്നത്. സമാനതകളില്ലാത്ത ഈ സേവനം മുന്‍കാലങ്ങളിലേതു പോലെ ഇപ്പോഴും ഇനിയുള്ള കാലത്തും സംസ്ഥാനത്തിന് ആവശ്യമാണ് എന്നുള്ളതാണ് അനിഷേധ്യമായ യാഥാര്‍ഥ്യം.
നടത്തിപ്പിനു പിന്നിലെ വെല്ലുവിളികള്‍
വാസ്തവങ്ങള്‍ ഇപ്രകാരമാണെങ്കിലും നാളുകള്‍ കഴിയുന്തോറും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അവഗണനകളും തിരസ്കരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവുന്നതല്ല. പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തനനിരതരായിരിക്കുന്ന ആയിരക്കണക്കിന് വ്യക്തികളാണ് ഈ സേവനമേഖലയുടെ നട്ടെല്ല് എങ്കിലും, മറ്റ് ദൈനംദിന ചെലവുകള്‍, ചികിത്സ, ശമ്പളം കൊടുക്കേണ്ട ജോലിക്കാര്‍ എന്നിങ്ങനെ വലിയ സാമ്പത്തിക ബാധ്യത ഓരോ സ്ഥാപനങ്ങള്‍ക്കുമുണ്ട്. സര്‍ക്കാര്‍ ഒരിക്കല്‍ നല്കിവന്നിരുന്ന സാമ്പത്തിക സഹായം അതിന്റെ പരിമിതമായൊരു ശതമാനം മാത്രമേ വന്നിരുന്നുള്ളൂ എങ്കിലും ആ പിന്തുണ ഒരു ബലം തന്നെയായിരുന്നു. പ്രത്യേകിച്ച്, അഗതികളും രോഗികളുമായ ഒരു വിഭാഗത്തിന് തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെറിയൊരു തുക കയ്യില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നത് അവര്‍ക്ക് ആശ്വാസകരമായിരുന്നു. ഒരു രാജ്യത്തിലെ പൗരന്മാര് എന്ന നിലയില്‍ സ്വന്തമായി വരുമാനമില്ലാത്ത ആര്‍ക്കും അര്‍ഹതയുള്ള ആ സഹായം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത് ഒരു ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ലാത്ത ക്രൂരതയാണ്.
സന്മനസ്സ് മാത്രം കൈമുതലാക്കി സേവനമേഖലയിലേക്ക് ഇറങ്ങിയിരിക്കുന്ന ഒരു വിഭാഗത്തെ അകാരണമായി ഒറ്റപ്പെടുത്തുന്നതും, അവര്‍ അഭയം നല്കിയതിനാല് മറ്റൊരു വലിയ വിഭാഗത്തിന്റെ പൗരാവകാശം നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നതുമായ വികലമായ സര്‍ക്കാര്‍ നയം തിരുത്തപ്പെടേണ്ടതാണ്. ഉത്തരവില്‍ പറഞ്ഞിരിക്കുന്നതു പോലെ, വൈദികരും, സന്യാസിനിമാരും ആയതിനാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല എന്ന പരാമര്‍ശവും തികഞ്ഞ അനീതിയാണ്. ഒരു കാലഘട്ടം മുഴുവന്‍ ആര്‍ക്കും വേണ്ടാത്ത പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ച് ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയിരിക്കുന്ന ഒരു കൂട്ടര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കു പോലും അര്‍ഹതയില്ല എന്ന നിലപാടും കടുത്ത വിവേചനമാണ്. എല്ലാ അര്‍ത്ഥത്തിലും മാനുഷികനീതി ഉറപ്പു വരുത്താനും, സര്‍ക്കാരിനും സമൂഹത്തിനും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന ഒരു വിഭാഗത്തെ വിലമതിക്കാനും രാഷ്ട്രനേതൃത്വവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധരാകണം.
ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്
കടപ്പാട്: ദീപിക