Tuesday, November 26, 2024

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് നഗരമാകെ വിഷപ്പുക വ്യാപിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇന്നലെ തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിന് അടിയില്‍ നിന്നും വന്‍തോതില്‍ വിഷപ്പുക ഉയരുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അരൂര്‍ വരെ വിഷപ്പുക എത്തിയെന്നാണ് വിവരം. വിഷപ്പുക ഇല്ലാതാക്കാന്‍ നഗരസഭക്കും ജില്ലാ ഭരണകൂടത്തിനും പൂര്‍ണ്ണമായും കഴിയാതെ വന്നതോടെ ഹൈക്കോടതി സംഭവത്തില്‍ സ്വമേധയ ഇടപെടുകയായിരുന്നു. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷപ്പുക ശമിപ്പിക്കുന്നതിന് തമിഴ്നാട്ടിലെ സുലൂരില്‍ നിന്നും വ്യോമസേന ഇന്ന് എത്തുമെന്ന് കളക്ടര്‍ അറിയിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്ത് പുക ശമിപ്പിക്കാനാണ് പദ്ധതി. ഇതു കൂടാതെ നാലു മീറ്റർ വരെ താഴ്‌ചയിൽ, ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളും തുടരുകയാണ്.

മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലും സമീപപ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുമുള്ള മെഡിക്കല്‍ സംഘം ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്ത് വൈദ്യപരിശോധനകള്‍ നടത്തും.

Latest News