ന്യൂഡല്‍ഹി: ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച എംആര്‍എസ്എം (മധ്യദൂര ഭൂതല-ആകാശ മിസൈല്‍) വിജയകരമായി ഇന്ത്യന്‍ നാവികസേന വിക്ഷേപിച്ചു. ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പലില്‍ നിന്നുമാണ് എംആര്‍എസ്എം-ന്റെ പരീക്ഷണ വിക്ഷപണം പൂര്‍ത്തിയാക്കിയത്. ശത്രുവിന്റെ ഏതൊരു ആക്രമണത്തെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് നാവികസേനയുടെ ഈ മിസൈല്‍.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനും (ഡി.ആർ.ഡി.ഒ) ഇസ്രായേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസും (എ.ഐ.എ) സംയുക്തമായാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. എഴുപത് കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ഹെലികോപ്റ്ററുകളിൽ നിന്നുള്ള ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ക്കാന്‍ മിസൈലിന് ശേഷിയുണ്ടെന്നാണ് നാവികസേനയുടെ വാദം.
ഈ മാസം അഞ്ചിന് നാവികസേന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണവും വിജയകരമായി നടത്തിയിരുന്നു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സീക്കറും ബൂസ്റ്ററും’ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇന്ത്യയുടെയും റഷ്യയുടെ സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. ഭൂമിയിൽ നിന്നും വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാൾ 2.8 ഇരട്ടി വേഗതയിലാണ് മിസൈൽ സഞ്ചരിക്കുക.