പത്തുവർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഓരോ രാജ്യത്തിന്റെയും അധികാരപരിധിക്കപ്പുറമുള്ള പ്രദേശങ്ങളിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും ആദരപൂർവ്വമായ ഉപയോഗവും ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഉടമ്പടി രാജ്യങ്ങൾ അംഗീകരിച്ചു.
‘ദ ഹൈ സീസ് ട്രീറ്റി’ (The High Seas Treaty) സംബന്ധിച്ച ചർച്ചകൾ ധനശേഖരണത്തിലും മത്സ്യബന്ധന അവകാശത്തിലുമുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ് ന്യൂയോർക്കിൽ ഉടമ്പടിയുടെ അന്തിമരൂപത്തിന് കൈവന്ന ഐക്യത്തെ സ്വാഗതം ചെയ്തു.
രാജ്യങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും ആദരപൂർവ്വമായ ഉപയോഗവും ഉറപ്പാക്കുക എന്നതാണ് പുതിയ ഉടമ്പടിയുടെ ലക്ഷ്യം.
സമുദ്രങ്ങളുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ഉൾക്കൊള്ളുന്ന ഈ ഉടമ്പടി രണ്ട് ദശവർഷ കാലത്തോളം നീണ്ട പ്രവർത്തനങ്ങളുടെ പരിസമാപ്തിയെയാണ് അടയാളപ്പെടുത്തുക. സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കൺവെൻഷന്റെ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഉടമ്പടി.
ഇന്നത്തെ കാലഘട്ടത്തിലും ഭാവിയിലേക്കും സമുദ്രത്തിന്റെ ആരോഗ്യം നേരിടുന്ന വിനാശകരമായ പ്രവണതകളെ ചെറുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ വിജയമാണ് ഈ വികസനം എന്ന് പരിസ്ഥിതി സംരക്ഷകർ പറയുന്നു. കൂടാതെ, കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യഹാനി, മലിനീകരണം എന്നിവ പരിഹരിക്കുന്നതിന് ഇത് വളരെ പ്രധാനമായ ഒന്നായി കണക്കാക്കപ്പെടുന്നു. സുസ്ഥിര വികസനത്തിന്റെ 2030 ലേക്കുള്ള അജണ്ടയിൽ സമുദ്രവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളും അതിന്റെ ഉദ്ദിഷ്ടഫലങ്ങളും കൈവരിക്കുന്നതിന് ഇത് വളരെ മുഖ്യമാണ്.
എല്ലാ കക്ഷികളെയും അവരുടെ ഉൽക്കർഷേച്ഛയ്ക്കും സ്ഥിരോത്സാഹത്തിനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഇക്കാലത്തേയും ഭാവിയിലെയും തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന ആരോഗ്യകരവും കൂടുതൽ ഊർജ്ജസ്വലവും ഉൽപാദനക്ഷമവുമായ ഒരു സമുദ്രം കാത്തു സൂക്ഷിക്കുന്നതിന് എല്ലാ കക്ഷികളുമായി തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്