അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇസ്താംബൂളിലെ തക്സിം സ്‌ക്വയറില്‍ തുര്‍ക്കി സ്ത്രീകള്‍ ‘ഫെമിനിസ്റ്റ് നൈറ്റ് മാര്‍ച്ച്’ എന്ന പേരില്‍ വാര്‍ഷിക മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് സ്ത്രീകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഒരു മാസം മുമ്പ് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ മാരകമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായാണ് ആയിരക്കണക്കിന് വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സാമ്പത്തിക തകര്‍ച്ച, കോവിഡിനെ തുടര്‍ന്നുളള പ്രശ്‌നങ്ങള്‍, ഫെബ്രുവരി 6 ലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി) പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ രാജിവെക്കണമെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്ത്രീകള്‍ തക്സിം സ്‌ക്വയറില്‍ ഒത്തുകൂടിയത്.
ഇന്നലെ രാത്രി തുടക്കത്തില്‍ പ്രതിഷേധക്കാരെ മാര്‍ച്ച് തുടരാന്‍ പോലീസ് അനുവദിച്ചെങ്കിലും പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കൂടാതെ, നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിയോഗ്ലു ജില്ലാ ഗവര്‍ണറുടെ ഓഫീസ് ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിച്ചാണ് നഗരത്തിലെ തക്സിം സ്‌ക്വയറില്‍ സ്ത്രീകള്‍ തടിച്ചുകൂടിയത്. പ്രതിഷേധത്തോടനുബന്ധിച്ച് സമീപത്തെ മെട്രോ സ്റ്റേഷനുകളും അടച്ചു.