Monday, November 25, 2024

ബ്രഹ്മപുരം വിഷപ്പുക: പ്രതിസന്ധിക്കു കാരണം പ്ലാസ്റ്റിക് മാലിന്യങ്ങള്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ വിഷപ്പുക അണയ്ക്കാനുള്ള ശ്രമങ്ങൾ തുടര്‍ച്ചയായ എട്ടാം ദിനവും തുടരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നത് തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ രാപകല്‍ നീണ്ട ശ്രമത്തിന്‍റെ ഭാഗമായി പുക വ്യാപിക്കുന്നത് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

നിലവിൽ 70 ശതമാനം പ്രദേശത്തും പുക പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അതിന് അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനുള്ള ശ്രമമാണ് ബ്രഹ്മപുരത്തു തുടരുന്നത്. ഇതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും 30 ഫയർ എഞ്ചിനുകളുമാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യത്തിലൊന്നാണ് ബ്രഹ്മപുരത്തേത്.

പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ പുക ശ്വസിച്ച് ഇന്നലെ 194 പേര്‍ ചികിത്സ തേടിയതായാണ് കണക്കുകള്‍. ഇതില്‍ 24 പേര്‍ ബ്രഹ്മപുരം സബ്സെന്‍ററിലും 140 പേര്‍ പിണര്‍മുണ്ട മെഡിക്കല്‍ ക്യാമ്പിലുമാണ് ചികിത്സയിലുള്ളത്. പത്തു പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയില്‍ കഴിയുന്നവരില്‍ അധികവും ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കഴിയുന്നത്.

Latest News