Monday, November 25, 2024

ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കം: ആറു യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്

ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കങ്ങളടങ്ങിയ ആറു യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വിലക്ക്. ഇത് സംബന്ധിച്ച വിവരം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് പുറത്തുവിട്ടത്. നടപടികള്‍ സ്വീകരിച്ചിട്ടു പത്തു ദിവസമായെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബി ഭാഷയിലുള്ള എട്ട് യൂട്യൂബ് ചാനലുകള്‍ക്കാണ് കേന്ദ്രത്തിന്‍റെ വിലക്ക്. ഇതില്‍ ആറെണ്ണം ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്നവയാണ്. ഇത്തരം അപകടകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ നടപടി. എന്നാല്‍ വിലക്കിയ ചാനലുകളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തിനു ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ അടങ്ങിയ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യൂട്യൂബിനോട് കേന്ദ്രം ആവശ്യപ്പെട്ടതായും അപൂര്‍വ ചന്ദ്ര വെളിപ്പെടുത്തി. വിലക്കിയ ചാനലുകളുടെ പ്രവര്‍ത്തനം വിദേശത്തുനിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News