ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് നടന് മമ്മൂട്ടി. ബ്രഹ്മപുരം പ്ലാന്റ് ആരംഭിച്ച കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടുത്തെ പ്രശ്നങ്ങള്‍. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
കത്തിത്തീരാത്ത ചിതപോലെ ബ്രഹ്മപുരം ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പ്രാണവായുവിനെപ്പോലും പേടിച്ചുതുടങ്ങിയ മനുഷ്യര്‍ ജീവനുവേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. വരും തലമുറയെങ്കിലും ശുദ്ധവായു ശ്വസിച്ച് ജീവിക്കുന്നതിനുവേണ്ടിയുള്ള ആ മുറവിളിയില്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ ജീവിക്കുന്ന ഒരാളെന്നനിലയില്‍ താനും ഐക്യപ്പെടുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. അതു കൊണ്ടു കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണത്തിനുള്ള ശരിയായ സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച് മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.