ജനരോഷം വകവയ്ക്കാതെ നിയമവ്യവസ്ഥയെ തകര്‍ക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധക്കടലായി ഇസ്രയേല്‍ തെരുവുകള്‍. രാജ്യചരിത്രം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തില്‍ ശനിയാഴ്ച രാത്രി അഞ്ചുലക്ഷത്തിലധികം പേര് നിരത്തിലിറങ്ങി.
പത്താം വാരവും അയയാതെ തുടരുന്ന പ്രതിഷേധം സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് യായ്ര് ലാപിഡ് പറഞ്ഞു. ടെല്‍ അവീവില്‍ മാത്രം ദേശീയപതാകയേന്തി രണ്ടുലക്ഷത്തില്‍പ്പരം ആളുകള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റിന് സുപ്രീംകോടതിയേക്കാള്‍ അധികാരം നല്കുന്ന ഭേദഗതി ബില്ലാണ് ബന്യാമിന് നെതന്യാഹു സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന അധികാര അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.