Sunday, November 24, 2024

യുദ്ധം ആറാം ദിവസത്തിലേയ്ക്ക്; ആക്രമണം തുടര്‍ന്ന് റഷ്യ; കുടുങ്ങിക്കിടക്കുന്നത് 3493 മലയാളി വിദ്യാര്‍ഥികള്‍

ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും യുക്രൈനിലെ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇതിനിടെ ബെലാറൂസില്‍ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.

യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.

ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച് 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്പൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.

യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് യുക്രൈനിന്റെ
അതിര്‍ത്തിരാജ്യങ്ങളിലേക്കെത്തും. രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. യുക്രൈന് പ്രഖ്യാപിച്ച മരുന്നുള്‍പ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് തിരിച്ചേക്കും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നും ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ എത്തും. സ്പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക. ഇതുവരെ 1396 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്. ഇതില്‍ 131 പേര്‍ മലയാളികളാണ്. യുക്രൈനില്‍ നിലവില്‍ 3493 മലയാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നോര്‍ക്ക് റൂട്ട്‌സിന്റെ കണക്ക്.

Latest News