Sunday, November 24, 2024

ബ്രഹ്മപുരം വിഷപ്പുക; ആരോഗ്യ സര്‍വേ ഇന്ന് മുതല്‍; അസ്വസ്ഥതകളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ആരോഗ്യ സര്‍വേ ഇന്ന് മുതല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പൊതുജനാരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈല്‍ യൂണിറ്റുകളാകും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.

കളമശേരി മെഡിക്കല്‍ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി.

 

 

 

Latest News