Sunday, November 24, 2024

‘എന്റെ നാടിന്റെ മണ്ണില്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’; ഭര്‍ത്താവിനെയും രാജ്യത്തെയും പിന്തുണച്ചും അഭിനന്ദിച്ചും യുക്രൈന്‍ പ്രഥമ വനിത

യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അയവില്ലാതെ തുടരുകയാണ്. രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും പ്രാണരക്ഷാര്‍ത്ഥം വീടും നാടും ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടുകയാണ്. എന്നാല്‍ അമേരിക്ക അടക്കമുള്ള പല കേന്ദ്രങ്ങളും രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡെമര്‍ സെലെന്‍സ്‌കിയ്ക്ക് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് പാടേ നിരസിക്കുകയാണുണ്ടായത്. അവസാനം വരെ രാജ്യത്തോടൊപ്പം അവരുടെ സംരക്ഷകനായി താനുണ്ടാകുമെന്ന് തന്റെ ജനത്തിന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സെലന്‍സ്‌കിയുടെ ഭാര്യ ഒലീന സെലെന്‍സ്‌കിയും ഭര്‍ത്താവിനൊപ്പം യുക്രെയ്‌നില്‍ തന്നെയുണ്ട്. യുദ്ധം തുടങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയ വഴി അവര്‍ നിരന്തരം ആളുകളോട് സംസാരിക്കുന്നുമുണ്ട്. ഇപ്പോഴിതാ യുക്രെയ്നിന്റെ പ്രഥമ വനിത തന്റെ ഭര്‍ത്താവിനെയും രാജ്യത്തെയും പിന്തുണച്ചും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു.

‘എന്റെ പ്രിയപ്പെട്ട നാട്ടുകാരെ! ഇന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും ടിവിയിലും തെരുവുകളിലും ഇന്റര്‍നെറ്റിലും കാണുന്നു. ഞാന്‍ നിങ്ങളുടെ പോസ്റ്റുകളും വീഡിയോകളും കാണുന്നുണ്ട്, എന്റെ നാടിന്റെ മണ്ണില്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ഭര്‍ത്താവിനും പൊതുജനത്തിനുമിടയില്‍ ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മറ്റൊരു പോസ്റ്റില്‍ യുക്രെയ്‌നില്‍ കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയുടെ ചിത്രവും അവര്‍ പങ്കുവച്ചു. ‘ഈ കുട്ടി ജനിച്ചത് കീവ് ബോംബ് ഷെല്‍ട്ടറിലാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും സമാധാനാന്തരീക്ഷത്തിലും ഈ കുഞ്ഞ് ജനിക്കണമായിരുന്നു. നമ്മള്‍ സൈന്യമാണ്, അത് നിങ്ങള്‍ കുട്ടികള്‍ കാണണം. ‘ സെലെന്‍സ്‌ക കുറിച്ചു.

യുക്രെയ്‌നിലെ പ്രഥമ വനിത ഒലീന സെലെന്‍സ്‌ക ആര്‍ക്കിടെക്റ്റും, തിരക്കഥാകൃത്തുമാണ്. സ്റ്റുഡിയോ ക്വാര്‍ട്ടില്‍-95 എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ സഹസ്ഥാപകയുമാണ് ഒലീന. ഇപ്പോഴും ചില ഷോകളിലും സിനിമകളിലും സ്‌ക്രിപ്റ്റ് എഴുതാറുമുണ്ട് ഒലീന. ഒലീന സെലെന്‍സ്‌കയുടെയും സെലെന്‍സ്‌കിയുടെയും വിവാഹം 2003 ലാണ് നടന്നത്. 2019-ല്‍, ഫോക്കസ് മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 യുക്രേനിയക്കാരുടെ പട്ടികയില്‍ സെലെന്‍സ്‌ക 30-ാം സ്ഥാനത്തെത്തി.

 

Latest News