Sunday, November 24, 2024

ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

പുതിയ അധ്യയന വര്‍ഷം മുതല്‍ ആറു വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം അനുവദിക്കില്ല. ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് പുതിയ തീരുമാനം. ഇതുപ്രകാരമുള്ള തയാറെടുപ്പ് തുടങ്ങുകയാണ് കേരളവും. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്.

നിലവില്‍ അഞ്ച് വയസ്സ് കഴിഞ്ഞ കുട്ടികളെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാറുണ്ട്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്. നിര്‍ബന്ധമായും ആറു വയസ്സു തികയുന്ന കുട്ടികള്‍ക്ക് മാത്രമേ ഇനിമേല്‍ സ്‌കൂളില്‍ പ്രവേശനം അനുവദിക്കൂ എന്നാണ് പുതിയ നയം.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമേ നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ പ്രൈമറിയും ആറു മുതല്‍ എട്ടു വരെ യുപിയും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ട്. പുതിയ നയം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Latest News