ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റിയെ യുഎസ് സെനറ്റ് നിയമിച്ചു. 52 കാരനായ ഗാര്‍സെറ്റി 42നെതിരെ 54 വോട്ടുകള്‍ നേടി വിജയിച്ചാണ് ഈ പദവിയിലേക്ക് എത്തുന്നത്. ലോസ് ആഞ്ജലസ് നഗരത്തിന്റെ മുന്‍ മേയര്‍ കൂടിയാണ് ഗാര്‍സെറ്റി.
ഡോണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ മാറിയതിനു പിന്നാലെ 2021 ല്‍ മുന്‍ യുഎസ് അംബാസിഡറായ കെന്നത്ത് ജസ്റ്റർ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒന്നരവര്‍ഷക്കാലമായി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയുടെ വസതി ഒഴിഞ്ഞുകിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തന് കൂടിയായ ഗാർസെറ്റിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
മേയർ ആയിരുന്ന കാലത്ത് ഗാര്‍സെറ്റിയുടെ ഓഫീസിലെ ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ നടപടി സ്വീകരിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നാമനിർദ്ദേശം അനിശ്ചിതകാലത്തേക്കു തടസ്സപ്പെട്ടിരുന്നു. തുടർന്ന് പ്രസിഡന്റ് ബൈഡൻ ഈ വർഷം ജനുവരിയിലാണ് ഗാർസെറ്റിയെ അതേ സ്ഥാനത്തേക്ക് നിയമിച്ചത്.
ഇന്ത്യയുമായി യുഎസിന് നിർണായകമായ ബന്ധമുണ്ടെന്നും അത് നിലനിർത്താൻ ഗാർസെറ്റിക്ക് സാധിക്കുമെന്നും പ്രസിഡന്റ് ബൈഡൻ വിശ്വസിക്കുന്നതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഒലിവിയ ഡാൾട്ടൺ പറഞ്ഞു.