രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വര്‍ധിച്ചത്. 2009 രൂപയാണ് കൊച്ചിയില്‍ സിലിണ്ടറിന്റെ വില. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,012 രൂപയാണ് വില. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഫെബ്രുവരി ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകളിലും തട്ടുകടകളിലുമാണ് വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്.
അതേ സമയം രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല. നൂറ് ദിവസത്തിനു മുകളിലായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് ഡല്‍ഹിയില്‍ ഇന്ധനവില. 2021 നവംബര്‍ 4 ന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
നാഗാലാന്‍ഡ് പെട്രോളിന്റെ നികുതി ലിറ്ററിന് 29.80 ല്‍ നിന്ന് 25 ശതമാനമായി കുറച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് 2.22 രൂപ ഇളവ് ലഭിച്ചു. ഡീസല്‍ നികുതി നിരക്കും ലിറ്ററിന് 11.08 രൂപയില്‍ നിന്ന് 10.51 രൂപയായി കുറച്ചു. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ നിരക്ക് കുറച്ചു.
മാര്‍ച്ച് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിനു ശേഷം പാചക വാതക സിലിണ്ടറിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.