Monday, November 25, 2024

‘ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്‍’; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍ ആത്മഹത്യ ചെയ്തതില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യ തടുക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് കണക്കുകള്‍ പ്രകാരം 2021ല്‍ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ 1,18,979 പുരുഷന്മാരും 45,027 സ്ത്രീകളുമാണ് എന്ന് മഹേഷ്‌കുമാര്‍ തിവാരി ഹര്‍ജിയില്‍ പറയുന്നു.

33.2 ശതമാനം പുരുഷന്മാര്‍ കുടുംബ പ്രശ്നങ്ങള്‍ കാരണവും 4.8 ശതമാനം പുരുഷന്മാര്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണവുമാണ് ആത്മഹത്യ ചെയ്തതെന്ന് എന്‍സിആര്‍ബി കണക്കുകള്‍ മുന്‍നിര്‍ത്തി ഹര്‍ജി ചൂണ്ടിക്കാട്ടി. പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ഗാര്‍ഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Latest News