വടക്കന്‍ ന്യൂസിലാന്‍ഡിലെ കെർമഡെക് ദ്വീപില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പുലര്‍ച്ചെ ഉണ്ടായത്. പിന്നാലെ 300 കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമില്ലാത്ത ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പും അധികൃതർ നൽകി.
ഭൂമിക്കടിയില്‍ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ ഉറവിടമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. അതേസമയം ഭൂകമ്പത്തെ തുടർന്ന് ന്യൂസിലൻഡില്‍ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും ന്യൂസിലന്‍ഡിനു ഭീഷണിയാവില്ലെന്നു നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. സമാനമായ റിപ്പോര്‍ട്ടാണ് ഓസ്ട്രേലിയയും നല്‍കുന്നത്.
ലോകത്തിലെ രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളായ പസഫിക് പ്ലേറ്റിന്റെയും ഓസ്‌ട്രേലിയൻ പ്ലേറ്റിന്റെയും അതിർത്തിയിലാണ് ന്യൂസിലാന്‍ഡ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ രാജ്യത്തു ഭൂകമ്പ സാധ്യത നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് ഭൂകമ്പങ്ങള്‍ ന്യൂസിലൻഡിൽ ഉണ്ടാകുന്നതായാണ് കണക്കുകള്‍.