കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലായിരുന്ന ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് എന്‍എച്ച്എസ് തൊഴിലാളികള്‍ക്ക് ഇന്ന് വിജയദിനം. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ ഇന്ന് പുതിയ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു.
ഏതാനും ആഴ്ചകള്‍ മുമ്പ് വരെ, ഈ വര്‍ഷത്തെ ശമ്പള ഇടപാട് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക പണം കണ്ടെത്തുന്നത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തെ അപകടത്തിലാക്കുമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. എന്നാല്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി നേഴ്സുമാരുടെ മാത്രം യൂണിയനായ ആര്‍സിഎന്‍ അടക്കമുള്ള യൂണിയനുകള്‍ പണിമുടക്കി പിക്കറ്റ് ലൈനില്‍ അണിനിരന്നപ്പോള്‍ സര്‍ക്കാരിന് വാക്ക് മാറ്റേണ്ടി വന്നു.
ഇതനുസരിച്ച് ഈ വര്‍ഷ ശമ്പളത്തില്‍, ഇതിനകം നല്‍കിയ വര്‍ധനവിന് പുറമേ, ബോണസ്സായി ആറ് ശതമാനവും അടുത്ത ഏപ്രില്‍ മുതല്‍ അഞ്ച് ശതമാനവും വര്‍ധനവ് നല്‍കും. ഏറ്റവും താഴെക്കിടയില്‍ ഉള്ള ജീവനക്കാര്‍ക്ക് പത്ത് ശതമാനംവരെ വര്‍ധനവും ലഭിക്കും. യൂണിയനുകള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ പുതിയ കരാര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് യൂണിയന്‍ അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തി അന്തിമ തീരുമാനം എടുക്കും. സര്‍ക്കാര്‍ സമരത്തെ തള്ളിപ്പറഞ്ഞപ്പോഴും ബ്രിട്ടനിലെ പൊതു ജനങ്ങള്‍ വമ്പിച്ച പിന്തുണയാണ് സമരത്തിനു നല്‍കിയത്.