അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന് ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ച് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയാണ്. ട്വിറ്റര്‍ വിദേശ കമ്പനിയാണ്. അതിനാല്‍ ട്വിറ്ററിന് ഭരണഘടനയുടെ 19-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
സമൂഹ മാധ്യമ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ കൊണ്ടുവന്ന ഉത്തരവുകള്‍ ചോദ്യം ചെയ്ത് ട്വിറ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും ലംഘനമാണെന്ന് ട്വിറ്റര്‍ വാദിക്കുന്നു. അത് പറയാന്‍ വിദേശ കമ്പനിയായ ട്വിറ്ററിന് എന്ത് അവകാശമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുന്നത്. കേസില്‍ കര്‍ണാടക ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.