Monday, November 25, 2024

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഐക്യരാഷ്ട്രസഭ

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഐക്യരാഷ്ട്രസഭ. രാജ്യത്തെ സാധാരണ പൗരന്മാരെ ആക്രമിച്ചതായും പിടിച്ചെടുത്ത പ്രദേശങ്ങളിലെ കുട്ടികളെ നിര്‍ബന്ധിതമായി നാടുകടത്തിയതായും ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ട്. റഷ്യയുടെ ചില പ്രവൃത്തികള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായി മാറിയേക്കാമെന്നും ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രെയ്നിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ച് റഷ്യ ആക്രമണം നടത്തിയിരുന്നു. ഇത് കടുത്ത ശൈത്യ കാലത്ത് രാജ്യത്തെ ലക്ഷ കണക്കിന് ജനങ്ങള്‍ക്ക് ചൂടും വൈദ്യുതിയും ലഭിക്കാതിരിക്കാന്‍ കാരണമായി. കൂടാതെ പിടിച്ചടക്കിയ നിരവധി പ്രദേശങ്ങളില്‍ റഷ്യ വ്യാപകവും വ്യവസ്ഥാപിതവുമായ പീഡനങ്ങള്‍ നടത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ നോര്‍വീജിയന്‍ സുപ്രീംകോടതിയിലെയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലെയും മുന്‍ ജഡ്ജി എറിക് മോസ് പറഞ്ഞു.

നൂറുകണക്കിന് അഭിമുഖങ്ങള്‍ നടത്തുകയും യുക്രയ്നിലെ തടങ്കല്‍ സ്ഥലങ്ങളും കുഴിമാടങ്ങളും നേരിട്ട് സന്ദര്‍ശിക്കുകയും സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ സമിതി 18 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റഷ്യന്‍ സൈന്യം വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്. ഇതിന് ഉത്തരവാദികളായവരെ കുറ്റവാളികള്‍ ആയി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

 

Latest News