ദക്ഷിണകൊറിയ- ജപ്പാന്‍ ഭരണാധികാരികള്‍ തമ്മില്‍ നടന്ന ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധാരണയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈര്യം മറന്നു നേതാക്കള്‍ ടോക്യോയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളിലും നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശനം നടത്താനും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ തീരുമാനിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്തെ വൈര്യം മറന്നുകൊണ്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. യുദ്ധകാലത്തു ജപ്പാന്‍ സൈന്യം കൊറിയയോടു കാണിച്ച ക്രൂരതകള്‍ക്കു കണക്കില്ലെന്നതാണ് ചരിത്രം. ജപ്പാന്‍റെ കോളനിയായിരുന്ന കൊറിയയിലെ ജനങ്ങളെ യുദ്ധകാലത്തു ഖനികളിലും, ഫാക്ടറികളിലും നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക അടമകളാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഉത്തരകൊറിയയുടെ ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മുറിവേറ്റ ഇത്തരം ചരിത്ര പാഠങ്ങള്‍ മാറ്റിവയ്ക്കുന്ന സമീപനമാണ് കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക്യോളിനുള്ളത്. ഇതിന്‍റെ ഭാഗമായാണ് വ്യാപാര തര്‍ക്കങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കാന്‍ ദക്ഷിണകൊറിയ ധാരണയിലെത്തിയത്.
അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡൻറ് ടോക്കിയോ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മണിക്കൂറുകൾക്ക് മുന്‍പു ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. കൊറിയന്‍ ഉപദ്വീപിലെ പ്യോങ്‌യാങ്ങിൽ നിന്നു പരീക്ഷിച്ച മിസൈല്‍ 1,000 കിലോമീറ്റര്‍ സഞ്ചരിച്ചു കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലിലാണ് പതിച്ചത്.