സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ന്യൂഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ ഇന്ന് കിസാന്‍ റാലി സംഘടിപ്പിക്കും. റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം 20,000 മുതൽ 25,000 വരെ കര്‍ഷകര്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക റാലിയോടനുബന്ധിച്ചു തലസ്ഥാന നഗരിയില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ തലസ്ഥാനത്തു എത്തിയതായാണ് വിവരം. കൂടുതല്‍ കര്‍ഷകര്‍ ഇന്ന് എത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. പ്രധാന നിരത്തുകളിൽ കർഷകർ കൂട്ടത്തോടെ കടക്കാതിരിക്കാനുള്ള മുൻകരുതലുകള്‍ ഡല്‍ഹി പോലീസ് സ്വീകരിച്ചതായാണ് വിവരം. തലസ്ഥാന നഗരി സ്തംഭിക്കാതിരിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുള്ള റോഡുകൾ സംബന്ധിച്ചും ഡൽഹി ട്രാഫിക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ISBT എന്നി റൂട്ടിൽ താമസം നേരിടാൻ സാധ്യതയുള്ളതിനാല്‍ മതിയായ സമയം കണക്കിലെടുത്തു പുറപ്പെടണം. യാത്രക്കാര്‍ കഴിവതും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. സ്വകാര്യ വാഹനങ്ങൾ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും ഗതാഗതത്തിന്റെ സാധാരണ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിനാൽ റോഡരികിലെ പാർക്കിംഗ് ഒഴിവാക്കാനുമാണ് പോലീസ് നിര്‍ദ്ദേശം. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും വസ്തുവോ വ്യക്തിയോ ശ്രദ്ധയിൽപ്പെട്ടാൽ, പോലീസിന് വിവരം നൽകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.