പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തരഘട്ടങ്ങളെ നേരിടാന്‍ മുന്നറിയിപ്പ് സംവിധാനം യു.കെ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പൗരന്മാരുടെ ഫോണുകളിലേക്കു മുന്നറിയിപ്പ് സൈറൺ ലഭ്യമാകും വിധമാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെക്കുറിച്ചു രാജ്യത്തെ ജനങ്ങള്‍ക്കു പൊതു മുന്നറിയിപ്പ് നല്കാന് ഇതു സഹായിക്കുമെന്നാണ് യു.കെയുടെ വാദം.
മുന്നറിയിപ്പു സൈറണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുഴങ്ങിയിരുന്നു. അപായ മണിക്കു പുറമേ ടെസ്റ്റ് മെസേജും ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്കു എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഏപ്രിൽ 23 വൈകുന്നേരത്തോടെ അലേർട്ട് ടെസ്റ്റ് നടക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറയിച്ചു.
അതേസമയം, പുതിയ എമർജൻസി അലേർട്ടുകൾ വളരെ അപൂർവമായി മാത്രമേ രാജ്യത്തു ഉപയോഗിക്കേണ്ടി വരൂ എന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന സംഭവങ്ങള്‍ സമീപകാലത്തെങ്ങും രാജ്യത്ത് ഉണ്ടായിട്ടില്ല. അതിനാൽ ആളുകൾക്ക് മാസങ്ങളോ വർഷങ്ങളോ പോലും ഈ സംവിധാനം ഉപയോഗിക്കേണ്ടി വരില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഏതെങ്കിലും കാലഘട്ടത്തില്‍ ഉണ്ടായാല്‍ മാത്രമേ സംവിധാനം ഉപയോഗിക്കുകയുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.