ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്മപുരംകാര്‍ക്ക് ആശ്വാസവുമായി എത്തുന്നത്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും, ചൊറിച്ചിലും, മറ്റു അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന അത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘം എത്തുന്നത്.
മമ്മൂട്ടി ഏര്‍പ്പാട് ചെയ്തിരുന്ന ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്മപുരത്തു സേവനം ചെയ്യുന്നുണ്ടായിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ അവര്‍ വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി ഇക്കുറിയും വൈദ്യസംഘം എത്തുന്നത്.
നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.