Sunday, November 24, 2024

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിനായി ശ്രമം: ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു ഹമാസ്

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ പതിവായ സാഹചര്യത്തിൽ സമാധാനത്തിനായി ശ്രമം. ഈജിപ്തിലെ ശറമുശൈഖില്‍ വച്ച് ഞായറാഴ്ചയായിരുന്നു സമാധാന ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ നിന്നും ഹമാസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈജിപ്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കു യു.എസ്, ഈജിപ്ത്, ജോർദാൻ അധികൃതരാണ് നേതൃത്വം വഹിച്ചത്. പലസ്തീൻ അതോറിറ്റിയും, ഇസ്രായേൽ പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയില്‍ ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണവും അനധികൃത കുടിയേറ്റവും ഒഴിവാക്കണമെന്നു പാലസ്തീന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്ന ഹമാസ് ഉള്‍പ്പെടെയുളള വിഭാഗങ്ങള്‍ ചര്‍ച്ചയെ പ്രഹസന സമ്മേളനമെന്നാണ് വിശേഷിപ്പിച്ചത്.

‘ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാതെ പ്രഹസന സമ്മേളനം നടത്തിയത് കൊണ്ട് കാര്യമില്ല. അതിനാല്‍ ഈജിപ്തില്‍ വച്ചു നടന്ന സമ്മേളനത്തെ അംഗീകരിക്കില്ല’ ഗസ്സ ഭരിക്കുന്ന ഹമാസിന്റെ വക്താവ് മൂസ അബൂ മർസൂഖ് പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. ഈ വർഷം ഇതുവരെ 78 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. രണ്ട് ഇസ്രായേല്‍ പൗരന്മാരെ പലസ്തീനികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു ജെനീനില്‍ കടുത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. സംഘര്‍ഷം അവസാനിക്കാതെ തുടരുന്നതിനിടെയാണ് സമാധാന ചര്‍ച്ചകള്‍.

Latest News