Tuesday, November 26, 2024

ആപ്പിളിന്‍റെ ഐഫോണ്‍ ഉപയോഗിക്കുന്നതില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്

ആപ്പിളിന്‍റെ ഐഫോണ്‍ മൊബൈലുകള്‍ ഉപയോഗിക്കുന്നതു ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരോട് റഷ്യ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ ഐഫോണ്‍ ഉപയോഗിക്കുന്നത് നിർത്തി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റുവെയറായ അറോറയിലേക്കു മാറാനാണ് നിര്‍ദ്ദേശമെന്നാണ് വിവരം. ഐഫോണുകള്‍ പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് റഷ്യയുടെ നീക്കം.

2024 -ല്‍ റഷ്യയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഐഫോണുകള്‍ രാജ്യത്തെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രാഥമികമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏപ്രില്‍ ഒന്നോടുകൂടി ഉദ്യോഗസ്ഥര്‍ ഐഫോണുകള്‍ ഒഴിവാക്കി ആന്‍ഡ്രോയിഡുകളിലേക്ക് മാറേണ്ടിവരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ടുളള ഔദ്യോഗിക വിവരങ്ങള്‍ ചോരാതിരിക്കുന്നതിനാണ് നടപടിയെന്നാണ് റഷ്യയുടെ വാദം.

നിലവില്‍ റഷ്യയുടെ സോഫ്റ്റുവെയറായ അറോറയിലേക്കോ അല്ലെങ്കില്‍ ചൈനീസ് സോഫ്റ്റുെയറുകളിലേക്കോ മാറാനാണ് നിര്‍ദ്ദേശമുളളത്. റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപതലവന്‍ സെര്‍ജി കിരിയാങ്കോ ഒരു സെമിനാറില്‍ ഇത് സംബന്ധിച്ച വിവരം പങ്കുവച്ചതായും റിപ്പോര്‍ട്ടുണ്ട്.

Latest News