തായ്ലാന്ഡില് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പാര്‍ലമെന്റിന്റെ ഭരണകാലാവധി അവസാനിക്കാന്‍ മൂന്നു ദിവസം ശേഷിക്കെയാണ് ഭരണപക്ഷത്തിന്റെ നടപടി. പാര്‍ലമെന്റ് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് രാജാവ് മഹാ വജിറ ലോങ്കാന് അംഗീകരിക്കുകയും റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
മേയ് 14 നാണ് തായ്വാനില് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ രജിസ്ട്രേഷന് ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് തായ്ലാന്ഡ് ഭരണകൂടം പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പട്ടാളത്തിന്റെ പിന്തുണയുള്ള പ്രയുത് ചാന് ഓചയ്ക്ക് പൊതുതിരഞ്ഞടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നീക്കം.
രാജ്യത്തെ പ്രധാന പ്രതിപക്ഷം ശതകോടീശ്വരന്‍ തക്സീന്‍ ഷിനാവത്ര നേതൃത്വം നല്കുന്ന ഫ്യൂ തായ് പാര്‍ട്ടിയാണ്. പൊതുതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായ സര്‍വ്വേകളില്‍ ഷിനാവത്രയുടെ പാര്‍ട്ടിക്കു തന്നെയാണ് മുന്‍തൂക്കവും. എന്നാല്‍ 2014 ല്‍ ഷിനാവത്രയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി പട്ടാളത്തിന്റെ പിന്‍ബലത്തോടെ മുന്‍ ജനറലായ പ്രയുത് അധികാരം പിടിച്ചടക്കുകയായിരുന്നു.