കീഴടങ്ങാനാവശ്യപ്പെട്ട റഷ്യന്‍ പടക്കപ്പലിനോട് പോയിത്തുലയാന്‍ പറഞ്ഞ സ്‌നേക്ക് ഐലന്‍ഡിലെ 13 യുക്രൈന്‍ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്‍. യുക്രൈന്‍ നാവികസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ ആക്രണണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍.
കീഴടങ്ങാന്‍ ആവശ്യപ്പെട്ട റഷ്യന്‍ സൈനികരോട് ധീരമായി പോരാടിയ ദ്വീപിലെ ഗാര്‍ഡുകളായ 13 യുക്രൈന്‍ സൈനികരുടെ ധീരതയെ ലോകം പുകഴ്ത്തിയിരുന്നു. റഷ്യന്‍ സൈന്യത്തോട് പോയി തുലയാന്‍ ആവശ്യപ്പെട്ട് ധീരമായി പോരാടി വീരമൃത്യു മരിച്ച 13 പേര്‍ക്കും ‘ഹീറോ ഓഫ് യുക്രൈന്‍’ പദവി നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആ 13 പേരും വധിക്കപ്പെട്ടില്ല, ജീവനോടെയുണ്ട് എന്ന് നാവികസേന കണ്ടെത്തിയത്.
യുക്രൈന്റെ കീഴിലായിരുന്ന ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്‌നേക്ക് ഐലന്‍ഡ് കാക്കാന്‍ നിന്ന 13 യുക്രൈനിയന്‍ ഗാര്‍ഡുകള്‍ ദ്വീപ് പിടിക്കാന്‍ റഷ്യന്‍ പടക്കപ്പലെത്തിയപ്പോള്‍, വാക്കുകളെ വെടുയുണ്ടകളാക്കി ഹീറോകളായവരാണ്. സൈനിക നടപടിക്ക് മുന്‍പ്, കീഴടങ്ങുന്നുണ്ടോയെന്ന കപ്പലില്‍ നിന്നുള്ള ചോദ്യത്തിന് ഒട്ടും പതറാതെ പോയിത്തുലയാന്‍ പറഞ്ഞവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. റഷ്യന്‍ ആക്രണണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം.
എന്നാല്‍ യുക്രൈന്‍ നാവികസേനാ വിഭാഗം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇവര്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത പറയുന്നത്. എങ്കിലും എല്ലാവരും റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ കെട്ടഴിച്ചു വിട്ട ആക്രമണത്തില്‍ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകര്‍ന്നിരുന്നു. പിന്നാലെ അയച്ച സിവിലിയന്‍ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്ന് യുക്രൈന്‍ ആരോപിക്കുന്നു.
സ്വന്തം സൈനികരെ കുരുതി കൊടുത്ത് യുക്രൈന്‍ കടന്നുകളഞ്ഞുവെന്ന റഷ്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണിതെന്നും യുക്രൈന്‍ സേനയുടെ കുറിപ്പില്‍ പറയുന്നു. സൈനികരെ എത്രയും വേഗം വിട്ടുതരണമെന്നാണ് യുക്രൈന്‍ നിലപാട്.