Monday, November 25, 2024

റമദാൻ നോമ്പുകാലത്ത് കടകൾ തുറന്നാൽ അടിച്ചു പൊളിക്കും: വ്യാപാരികൾക്ക് ഭീഷണി

റമദാന്‍ നോമ്പുകാലത്തു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നാല്‍ അടിച്ചു പൊളിക്കുമെന്നു വ്യാപാരികളെ ഭീഷണിപ്പെടുത്തിയതായി പരാതി. കോഴിക്കോട് മുഖദാര്‍ ബീച്ചിലെ വ്യാപാരികളെയാണ് മഹല്ലുമായി ബന്ധമുള്ളവരെന്ന് പറഞ്ഞെത്തിയവര്‍ ഭീഷണിപ്പെടുത്തിയത്. നോമ്പു തുറക്കുന്ന വൈകുന്നേരവും കടകള്‍ തുറക്കാന്‍ പാടില്ലെന്നാണ് ഭീഷണിയുമായി എത്തിയവരുടെ നിര്‍ദ്ദേശം. ന്യൂസ്‌ 18 ആണ്‌ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം മഹല്ലുമായി ബന്ധമുളളവരെന്നു അവകാശപ്പെടുന്ന അമ്പതോളം ആളുകൾ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തിയതായാണ് വ്യാപാരികളുടെ പരാതി. “നോമ്പ് തുടങ്ങുന്നത് മുതൽ ഒരു മാസക്കാലത്തേക്ക് ബീച്ചിലെ കടകൾ തുറക്കരുത്. വൈകുന്നേരങ്ങളില്‍ നോമ്പ് തുറക്കുന്ന സമയത്ത് കടകൾ തുറന്ന് പ്രവർത്തിച്ചാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കും” – ഭീഷണിപ്പെടുത്തിയവര്‍ പറഞ്ഞതായി വ്യാപാരികള്‍ അറിയിച്ചു.

മുഖ്ദാർ ബീച്ചില്‍ വ്യാപാരം നടത്തുന്നവരില്‍ അധികവും പ്രദേശവാസികളാണ്.
ഇവർക്ക് വൈകുന്നേരങ്ങളിൽ ലഭിക്കുന്ന കച്ചവടത്തിൽ നിന്നുമാണ്
ദിവസചിലവ് കണ്ടെത്തുന്നത് . അതിനാൽ കടകൾ അടയ്ക്കുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, ഭീഷണിയുമായി ബന്ധമില്ലെന്ന് മഹല്ല് കമ്മറ്റി വ്യക്തമാക്കി. കടക്കാരെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഇസ്ലാം മത മൗലികവാദികളെന്നാണ് ആരോപണം.

മുൻ വർഷങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. വൈകുന്നേരങ്ങളിൽ കടകൾ തുറന്നാൽ ബീച്ചിലേക്ക് സ്ത്രീകളും പുരുഷന്മാരും എത്തുന്നതിനെ തുടർന്നാണ് കടകൾ അടയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നതെന്നാണ് വിശദീകരണം.

Latest News