പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം. പാരിസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവള ടെര്‍മിനലിലേക്കുള്ള പ്രവേശനം സമരക്കാര്‍ തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. ചില സ്കൂളുകളും പ്രതിഷേധത്തില്‍ അടച്ചു. പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തുകയും കൂട്ടിയിട്ട മാലിന്യം കത്തിച്ച് തീയും പുകയും ഉയര്‍ത്തുകയും ചെയ്തു. രാജ്യത്തുടനീളം പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധറാലികള്‍ നടന്നു.
പ്രതിഷേധം വിമാനസര്‍വിസുകളെ ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. പെന്ഷന് പ്രായം 62ല്‍നിന്ന് 64 ആയി ഉയര്‍ത്താന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വര്‍ഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് രോഷത്തിന് ഇടയാക്കിയത്.
ജനുവരി മുതല്‍ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ പെന്ഷന് നിയമം പിന്‍വലിക്കണമെന്ന് ഫ്രാന്‍സിലെ ഏറ്റവും വലിയ യൂണിയനായ മോഡറേറ്റ് ഫ്രഞ്ച് ഡെമോക്രാറ്റിക് കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ തലവന്‍ ലോറന്റ് ബെര്‍ഗര്‍ ബിഎഫ്എം ടിവിയോട് പറഞ്ഞു.
ശക്തമായ പ്രക്ഷോഭം നടക്കുന്നത് അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. തീരുമാനവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് തൊഴില്‍മന്ത്രി ഒലിവിയര്‍ ഡസോപ്റ്റ് പറഞ്ഞു. കമ്പനികള്‍ ലാഭത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് വിഹിതം നല്‍കുന്നത് ഉള്‍പ്പെടെ സംഭാഷണങ്ങളിലൂടെ ധാരണയിലെത്താന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.