ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി സ്ഥാപിച്ച ക്യാഷ് പേയ്മെന്റ് ആപ്പായ ബ്ലോക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പിനെതിരായ വിവാദ വെളിപ്പെടുത്തലിന് പിന്നാലെയാണ് അമേരിക്ക ആസ്ഥാനമായ കമ്പനിക്കെതിരായ വെളിപ്പെടുത്തല്‍.
കണക്ക് പെരുപ്പിച്ച് കാട്ടി ഉപഭോക്താക്കളെയും അമേരിക്കന്‍ സര്‍ക്കാരിനെയും കമ്പനി വഞ്ചിച്ചെന്നും അനധികൃത മാര്‍ഗത്തിലൂടെ വന്‍ തുക സമ്പാദിച്ചെന്നുമാണ് ആരോപണം. ഡോര്‍സി സ്വന്തം ആസ്തിയായി കുറഞ്ഞത് 500 കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തെന്ന് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 40,000 കോടി ഡോളറാണ് ബ്ലോക്കിന്റെ വിപണിമൂല്യം. റിപ്പോര്‍ട്ടിന് പിന്നാലെ വിപണിമൂല്യം 18 ശതമാനം കൂപ്പുകുത്തി.
ബാങ്കിങ് ഇടപാടുകള്‍ നടത്താത്തവരെയും കുറഞ്ഞതോതില്‍ നടത്തുന്നവരെയും സാമ്പത്തികമായി ശാക്തീകരിക്കാന്‍ ‘അത്ഭുത’ സാങ്കേതിക വിദ്യയെന്ന നിലയിലാണ് ബ്ലോക്ക് ആപ്പ് പ്രചാരം നേടിയത്. ഡോര്‍സിയുടെ പേരിലും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിയവരുടെ പേരിലുമടക്കം വന്‍ തോതില്‍ വ്യാജ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടും നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തട്ടിപ്പ് ഉറപ്പാക്കാന്‍ ട്രംപിന്റെ പേരില്‍ അപേക്ഷിച്ച കാഷ് കാര്‍ഡ് വരെ ഹിന്‍ഡന്‍ബര്‍ഗിന് ലഭിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിലും തട്ടിപ്പുനടന്നു. കോവിഡ് ആഞ്ഞടിച്ച 18 മാസത്തില്‍ ബ്ലോക്കിന്റെ ഓഹരി മൂല്യം 639 മടങ്ങ് വര്‍ധിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനിടെ മുന്‍ ജീവനക്കാരുമായും അഭിമുഖം നടത്തി.