നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന യുഎപിഎ നിയമത്തിലെ 10 (എ) (ഐ) വകുപ്പ് സുപ്രീംകേടതി ശരിവെച്ചു. ഈ വകുപ്പ് ഭരണഘടനയുടെ 19 (1)(എ), 19(2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എംആര്‍ ഷാ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 2011-ലെ വിധിയ്ക്കെതിരെ കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. അരൂപ് ഭുയന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, ഇന്ദ്ര ദാസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ആസം, റനീഫ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികളാണ് റദ്ദാക്കിയത്. 2011-ല്‍ ഈ കേസുകളിലെ വാദങ്ങളില്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡെയ കട്ജു, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് അംഗത്വം കുറ്റകരമല്ലെന്ന വിധി പ്രഖ്യാപിച്ചത്.
നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമേ പ്രോസിക്യൂഷന്‍ നടപടികള്‍ പാടുള്ളൂവെന്നും അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു 2011-ല്‍ സുപ്രീംകോടതി വിധിച്ചിരുന്നത്.