Monday, November 25, 2024

ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി എറിക് ഗാര്‍സെറ്റി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി യുഎസ് സെനറ്റ് അംഗീകരിച്ച എറിക് ഗാര്‍സെറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎസ് വൈസ്പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയില്‍ അമേരിക്കന്‍ സ്ഥാനപതിയായി ഒരാള്‍ നിയമിതനാകുന്നത്.

2021 ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മുന്‍ യുഎസ് അംബാസിഡറായ കെന്നത്ത് ജസ്റ്റർ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒന്നരവര്‍ഷക്കാലമായി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയുടെ വസതി ഒഴിഞ്ഞുകിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിശ്വസ്തന്‍ കൂടിയായ ഗാർസെറ്റിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ലോസ് ഏഞ്ചല്‍സിലെ മുന്‍ മേയര്‍ കൂടിയായിരുന്ന എറിക് ഗാര്‍സെറ്റിയുടെ നാമനിര്‍ദ്ദേശം യുഎസ് സെനറ്റ് ഈ മാസം ആദ്യമാണ് സ്ഥിരീകരിച്ചത്.

ഗാര്‍സെറ്റിയുടെ മകള്‍ മായ ഹീബ്രു കയ്യിലെടുത്ത് നല്‍കിയ ബൈബിളില്‍ കൈവെച്ചായിരുന്നു നിയുക്ത യുഎസ് സ്ഥാനപതിയുടെ സത്യപ്രതിജ്ഞ. ഭാര്യ ആമി വേക്ക്ലാന്‍ഡ്, അച്ഛന്‍ ഗില്‍ ഗാര്‍സെറ്റി, അമ്മ സുകി ഗാര്‍സെറ്റി, ഭാര്യാമാതാവ് ഡീ വേക്ക്ലാന്‍ഡ് എന്നിവരുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News