‘പ്രധാനമന്ത്രി മാതൃവന്ദന യോജന’യില്‍ രണ്ടാമത്തെ പ്രസവത്തിനും അമ്മമാര്‍ക്ക് ധനസഹായം ലഭിക്കും. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്ന് മാത്രം. നിലവില്‍ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയില്‍ മാതാവിന് 5000 രൂപ ധനസഹായം ലഭിച്ചിരുന്നത്.
2022 ഏപ്രില്‍ ഒന്നിനുശേഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാവിന് മുന്‍കാല പ്രാബല്യത്തോടെയാണ് ധനസഹായം നല്‍കുന്നത്. ഇതിനായി എത്രഫണ്ട് മാറ്റിവെക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങി. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.
5,000 രൂപയാണ് രണ്ടാംപ്രസവത്തിനും ലഭിക്കുക. മൂന്ന് ഗഡുക്കളായി മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണംലഭിക്കുക. ബി.പി.എല്‍., എ.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി.
എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കില്ല. ഇതുവരെ അങ്കണവാടികള്‍ വഴിയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. എന്നാല്‍, അപേക്ഷ സ്വീകരിക്കല്‍ ഓണ്‍ലൈനായി നടപ്പാക്കാനുള്ള സാധ്യത ഇത്തവണയുണ്ട്. പദ്ധതിയുടെ സോഫ്റ്റ്വെയര് പുതുക്കുന്ന നടപടി മാര്‍ച്ച് 27-നകം പൂര്‍ത്തിയാകുമെന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിന് ശേഷമാകും അപേക്ഷ സ്വീകരിക്കല്‍ തുടങ്ങുക.