Monday, November 25, 2024

അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 26 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ മിസിസിപ്പിയില്‍ ഉണ്ടായ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം. ചുഴലിക്കാറ്റില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് വീണു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കാറ്റില്‍ മരങ്ങളും കെട്ടിടങ്ങളും വീണതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വൈദ്യതി വിച്ഛേദിച്ചു. മിസിസിപ്പിയിലെ ജാക്‌സണില്‍ നിന്ന് 60 മൈല്‍ വടക്കുകിഴക്കായി ചുഴലിക്കാറ്റ് നാശം വിതച്ചതായി നാഷണല്‍ വെതര്‍ സര്‍വീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ എത്തിക്കുമെന്ന് മിസിസിപ്പി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

മിസിസിപ്പിയിലെ ജാക്സണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായുള്ള വടക്കുകിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഉള്‍നാടന്‍ പ്രദേശമായ അമോറി, സില്‍വര്‍സിറ്റി, റോളിങ് ഫോര്‍ക്കിലും 113 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലി ആഞ്ഞടിച്ചത്. ഗോള്‍ഫ് ബോളുകളോളം വലിയ ആലിപ്പഴം വീഴ്ചയുമുണ്ടായി. ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിസിസിപ്പി ഭരണകൂടം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

 

 

 

Latest News