പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍. സിഐടിയു അടക്കമുള്ള ട്രേഡ്യൂണിയന്‍ സംഘടനകളും എംപിമാരും പ്രതിപക്ഷ നേതാക്കളും മറ്റും ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമില്ല. മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം. ബന്ധിപ്പിക്കാന്‍ 1000 രൂപ പിഴയും നല്‍കണം. അല്ലാത്തപക്ഷം പാന്‍ കാര്‍ഡുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും.
സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ പലവിധമായ കാരണങ്ങളാല്‍ നിരവധി പേര്‍ക്ക് ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ സാധ്യമായിട്ടില്ല. പേരിനൊപ്പം ഇനിഷ്യല്‍ വരുന്നവര്‍ക്ക് ഇപ്പോഴും പാന്‍ കാര്‍ഡ് കിട്ടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇനിഷ്യല്‍ മിഡില്‍ നെയിം ആയി വന്നാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. പാന്‍ കാര്‍ഡിനായി ഇനിഷ്യല്‍ ഒഴിവാക്കിയവരും വിപുലീകരിച്ചവരുമുണ്ട്. എന്നാല്‍, ഇവര്‍ക്ക് ആധാര്‍ കാര്‍ഡില്‍ യഥാര്‍ഥ പേര് തന്നെയാകും. ആധാറിലും പാനിലും പേരുകള്‍ വ്യത്യസ്തമാകുമ്പോഴും ബന്ധിപ്പിക്കലിന് തടസ്സമാകാറുണ്ട്.
രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത സ്ഥലങ്ങളിലും ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. ഇടനിലക്കാര്‍ വലിയ തോതില്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. 2022 മാര്‍ച്ചിനുള്ളില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എല്ലാവരും പൂര്‍ത്തീകരിക്കണം എന്നായിരുന്നു കേന്ദ്രം ആദ്യം നിര്‍ദേശിച്ചിരുന്നത്. പിന്നീട് ഇത് 500 രൂപ പിഴയോടെ 2022 ജൂണ്‍വരെയായി നീട്ടി. അതിനുശേഷം ആയിരം രൂപ പിഴയോടെ 2023 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു.