Monday, November 25, 2024

കോണ്‍ഫിഡന്‍ഷ്യല്‍ ജി20 യോഗത്തില്‍ പങ്കെടുത്ത് അന്താരാഷ്ട്ര നേതാക്കൾ: യോഗം ബഹിഷ്കരിച്ച് ചൈന

ജി 20 ഉച്ചകോടിക്കു മുമ്പായി നടക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ ജി20 യോഗത്തില്‍ അന്താരാഷ്ട്ര നേതാക്കൾ പങ്കെടുത്തു. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ വച്ച് ഞായറാഴ്ചയായിരുന്നു യോഗം. എന്നാല്‍ അരുണാചൽ പ്രദേശിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നു യോഗത്തില്‍ ചൈന പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

2023 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ഈ വര്‍ഷം ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിനു മുമ്പായി സംഘടിപ്പിച്ച കോണ്‍ഫിഡന്‍ഷ്യല്‍ യോഗത്തിലാണ് ചൈനയൊഴികെ 50ലേറെ രാജ്യങ്ങളില്‍‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തത്. ഉച്ചകോടിക്ക് മുമ്പായി നടപ്പിലാക്കേണ്ട പരിപാടികള്‍ യോഗത്തിൽ അവലോകനം ചെയ്തതായാണ് വിവരം. യോഗത്തിനു ശേഷം ലോകനേതാക്കള്‍ അരുണാചല്‍ നിയമസഭയും സംസ്ഥാനത്തെ മൊണാസ്ട്രിയും സന്ദർശിച്ചു.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈനയുടെ വാദം ഇന്ത്യ നിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഇതേ തുടര്‍ന്നാണ് യോഗത്തില്‍ നിന്നും ചൈന വിട്ടുനിന്നതെന്നാണ് നിഗമനം. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്‍റെ കാരണത്തെക്കുറിച്ച് വിദേശ കാര്യ മന്ത്രാലയമോ ചൈനയോ പരാമര്‍ശം നടത്തിയിട്ടില്ല.

*ജി20 ഉച്ചകോടി*

ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും കൂടാതെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി20. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയ്യാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. 1999 സെപ്റ്റംബർ 26നാണ് ജി20 നിലവില്‍ വന്നത്.

Latest News