ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ബ്രഹ്മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാസ വിഘടന പ്രക്രിയയാകാം തീപിടുത്തത്തിന് കാരണം. ബ്രഹ്മപുരത്ത് തീ കെടുത്താനുള്ള സംവിധാനങ്ങളില്ലാതിരുന്നതാണ് സങ്കീര്‍ണ സാഹചര്യത്തിന് കാരണമായത്.
തീപിടുത്തമുണ്ടായത് വൈകീട്ട് 3.58 നാണ്. സി സി ടി വി യില്‍ ഒരു ഭാഗത്ത് മൂന്ന് മിനിട്ട് കൊണ്ട് തീ പിടിക്കുന്നത് വ്യക്തമാണ്. പല ഭാഗങ്ങളിലും തീ പിടിച്ചെന്ന ആരോപണവും തെറ്റെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു.
അതേസമയം, ബ്രഹ്മപുരം പ്ലാന്റില്‍ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.