കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയാ വണ്‍ ചാനല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവയ്ക്കുകയും ചെയ്തു. മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയത്.
വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന് ബഞ്ച് വിധി പറയാന്‍ മാറ്റുകയായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് വാദത്തിനിടെ ചാനല്‍ ആവശ്യപ്പെട്ടു. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ലൈസന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും മീഡിയാവണ്‍ വാദിക്കുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മീഡിയവണ്‍ മാനേജ്മെന്റ് അറിയിച്ചു.