ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ ഡൽഹി വിജ്ഞാൻ ഭവനിലെ പ്ലീനറി ഹാളിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മേയ് പത്തിന് വോട്ടെടുപ്പും 13 -നു വോട്ടെണ്ണലും നടക്കുമെന്നു രാജീവ് കുമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 5.21 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 2.62 കോടി പുരുഷ വോട്ടർമാരും 2.59 കോടി വനിതാ വോട്ടർമാരുമാണുള്ളത്. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനു 52,282 പോളിംങ് ബൂത്തുകള്‍ ക്രമികരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കൂടാതെ 80 വയസിനു മുകളിലുള്ളവർക്കും ശാരീരിക പരിമിതികളുളളവര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗോത്രവർഗ വിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ട്.
ബിജെപി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമെന്ന നിലയില്‍ അധികാരം നിലനിര്‍ത്താനുളള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്. എന്നാല്‍ അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജം കൂട്ടി മാർച്ച് 25 ന് കോൺഗ്രസ്124 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വയനാട്ടിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ തീരുമാനമായില്ല.