Monday, November 25, 2024

ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ശനിയാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍ത്ത് കാര്‍ഡ് സംസ്ഥാനത്ത് നിര്‍ബന്ധമാക്കുന്നത്.

ഭക്ഷണം പാകം ചെയ്യുന്നവരും വില്‍പന നടത്തുന്ന സ്ഥാപനങ്ങളും വിതരണക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. നേരത്തെ, ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്ടീഷണറാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത്. ഒരു വര്‍ഷമാണ് ഈ കാര്‍ഡുകളുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് ഇത് വീണ്ടും പരിശോധനകള്‍ നടത്തിയ ശേഷം പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഏപ്രില്‍ ഒന്നു മുതല്‍ അതത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധനകള്‍ നടത്തും. കൂടാതെ ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (ഇന്റലിജന്‍സ്) പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. ഇവര്‍ സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

Latest News