രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ ഉയരുമെന്നു റിപ്പോര്‍ട്ട്. മരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരുമെന്നാണ് വിവരം. ഇതു സംബന്ധിച്ച വിവരം മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംങ് അതോറിറ്റിയാണ് (എന്‍പിപിഎ) പുറത്തുവിട്ടത്.
ഹൃദ്രോഗികള്‍ക്കുള്ള മരുന്നുകള്‍, അന്‍റിബയോട്ടിക്സ്, പെയിന്‍കില്ലറുകള്‍ എന്നിവ ഉൾപ്പടെയുള്ള 900 മരുന്നുകളുടെ വിലയാണ് ഉയരുക. വില നിയന്ത്രണ പട്ടികയിലുള്ള ഇത്തരം മരുന്നുകള്‍ക്കു പുറമേ പട്ടികയില്‍ ഇല്ലാത്ത മരുന്നുകള്‍ക്കും 10% വരെ വില ഉയരും. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മരുന്നുകള്‍ക്കു വില ഗണ്യമായി വര്‍ദ്ധിക്കുന്നത്. സാമ്പത്തിക വര്‍ഷാരംഭത്തില്‍ മരുന്നുകളുടെ വില ഉയര്‍ത്താന്‍ കമ്പനികള്‍ക്കു സര്‍ക്കാര്‍ അനുമതിയുണ്ട്.
അവശ്യ മരുന്നുകളുടെ വില ഉയരുന്നത് സാധാരണക്കാരായ രോഗികളെ വലയ്ക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. മരുന്നുകള്‍ക്കു പുറമേ മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയും വര്‍ദ്ധിക്കും. പുതുക്കിയ വില ഉടന്‍ പുറത്തുവിടുമെന്നു എന്‍പിപിഎ അറിയച്ചു.