സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു. 3 വര്‍ഷമായി അടച്ചിട്ടിരുന്ന നോര്‍ത്ത് ഗേറ്റ് ആണ് തുറന്നത്. എന്നാല്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാര്‍ക്കും നോര്‍ത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിക്കും. സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന പാതയാണ്.
മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് വീണ്ടും തുറന്ന് നല്‍കുന്നത്. ഗേറ്റ് അടച്ചിട്ടത് നവീകരണത്തിനെന്ന പേരിലായിരുന്നു. എന്നാല്‍ അതിന് ശേഷം കൊവിഡ് അതിവേഗം പടര്‍ന്ന് പിടിച്ച പശ്ചാത്തലത്തില്‍ സ്ഥിരമായി ഗേറ്റ് പൂട്ടിയിടുകയായിരുന്നു. പ്രതിപക്ഷ സമരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കുകകൂടി ചെയ്തതോടെയാണ് ഗേറ്റ് തുറക്കുന്നത് പിന്നെയും നീണ്ടത്. നോര്‍ത്ത് ഗേറ്റ് തുറന്നാലും സമരം ഉണ്ടാകുമ്പോള്‍ ബാരിക്കേഡ് കെട്ടി അടക്കാറാണ് പതിവ്.
നോര്‍ത്ത് ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ നിലവില്‍ കന്റോണ്‍മെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് കടക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല.