Tuesday, November 26, 2024

‘ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ ബാധകമാകണം’; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ നടപടിയില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ജര്‍മ്മനി. വിഷയത്തില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ ബാധകമാക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചു.

‘ഇന്ത്യന്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ആദ്യ സന്ദര്‍ഭത്തിലെ കോടതി വിധിയും അദ്ദഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കിയതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് അപ്പീല്‍ നല്‍കാമെന്നാണ് മനസിലാക്കുന്നത്. ഈ വിധി നിലനില്‍ക്കുമോയെന്നും അദ്ദേഹത്തിനെ അയോഗ്യനാക്കിയ നടപടിയില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോള്‍ വ്യക്തമാകും’. മന്ത്രാലയം വക്താവ് വ്യക്തമാക്കി.

ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു. നേരത്തേ വിഷയത്തില്‍ യുഎസും പ്രതികരിച്ചിരുന്നു. ‘നിയമവാഴ്ചയോടും നീതിന്യായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണ്. ഇന്ത്യയിലെ കോടതിയില്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട നടപടികള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്’ എന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്.

 

Latest News