ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണവ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്കാന് ധാരണയായതായി റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്നെഫ്ട് അറിയിച്ചു. റോസ്നെഫ്ട് സിഇഒ ഇഗോര്‍ സെചിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്ണ ഇടപാട് വര്‍ധിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണപത്രത്തില്‍ ഒപ്പുവച്ചു. വാങ്ങുന്ന എണ്ണയുടെ അളവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഐഒസിക്കു പുറമെ മറ്റു രണ്ട് എണ്ണക്കമ്പനികളുമായിക്കൂടി റോസ്നെഫ്ട് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
യുക്രൈയ്ന് യുദ്ധത്തിന്റെ പശ്ചത്തലത്തില്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും വിലക്ക് നിലനില്‍ക്കെയാണ് ഇന്ത്യ റഷ്യയുമായുള്ള എണ്ണവ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ യുക്രൈയ്ന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ വിമര്‍ശിച്ചിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തില്‍ 20 ശതമാനം വര്‍ധനയുണ്ടെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് വ്യക്തമാക്കിയിരുന്നു.