Tuesday, November 26, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ 30 കോടി ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ആളുകള്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്ക ശരി വയ്ക്കുന്നതാണ് അമേരിക്കന്‍ ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ റിപ്പോര്‍ട്ട്. എഐയുടെ വരവോടെ 30 കോടി ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനറേറ്റീവ് എഐ പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ മേഖല കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. നിലവിലെ ജോലിയുടെ നാലിലൊന്ന് ഭാഗം വരെ നഷ്ടമാകുമെന്നാണ് യുഎസിലെയും യൂറോപ്പിലെയും തൊഴില്‍ ഡാറ്റ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ ഗവേഷണ കുറിപ്പില്‍ പറയുന്നു. എന്നാല്‍ സാങ്കേതിക വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എഐയുടെ വളര്‍ച്ച മൂലം 46 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും 44 ശതമാനം നിയമപരമായ ജോലികളും നഷ്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. ക്ലീനിംഗ്, മെയിന്റനന്‍സ്, ഇന്‍സ്റ്റലേഷന്‍, റിപ്പയര്‍, നിര്‍മാണ ജോലികള്‍ അടക്കമുള്ള മേഖലകള്‍ വലിയ തിരിച്ചടി നേരിടില്ല. എഐയുടെ വളര്‍ച്ച പുരോഗമിച്ചാല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിലും കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടാനാകും സാധ്യതയെന്നാണ് സൂചന.

 

Latest News