വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി ദക്ഷിണ റെയില്‍വേ. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്നും റെയില്‍വേ അറിയിച്ചു. അടുത്തിടെ തെലങ്കാനയിലെ വിവിധ സ്ഥലങ്ങളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ്. അടുത്ത കാലത്തായി വന്ദേ ഭാരത് ട്രെയിനുകള്‍ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നെന്നും ഈ വര്‍ഷം ജനുവരി മുതല്‍ ഇത്തരത്തിലുള്ള ഒമ്പത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞതിന് പത്ത് പേരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കല്ലേറുണ്ടായ സംഭവങ്ങളില്‍ ആറു വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കരുതെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും ആര്‍പിഎഫും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ ഇതുവരെ ആര്‍പിഎഫ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 39 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ബോധവല്‍ക്കരണ ക്യാമ്പയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്.